Thursday, December 23, 2010

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ശ്രീ കെ.കരുണാകരന് ആദരാഞ്ജലികള്‍

Monday, December 20, 2010

മദ്യാസക്തിക്കും സാമൂഹിക ജീര്‍ണ്ണതയ്ക്കുമെതിരെ..



സ്വന്തം താല്‍പര്യങ്ങളെയെല്ലാം വികസ്വര-അവികസിത രാജ്യങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്ത്വശക്തികളാല്‍ പരോക്ഷമായി നിയന്ത്രിക്കപ്പെടുന്ന ഒരു ഒരു സമൂഹത്തിലാണ് നാം ഇന്നു ജിവിച്ചുകൊണ്ടിരിക്കുന്നത്.സ്വാഭാവികമായും തന്നെ സാമ്രാജ്യത്ത്വതാല്‍പര്യങ്ങള്‍ക്ക് വശംവദപ്പെട്ട് നവോദ്ധാനകാലത്തില്‍ നിന്നും തിരിച്ചുപോക്കിന്റെ പാതയിലാണ് നമ്മുടെ രാജ്യവും വിശിഷ്യാ നവോദ്ധാനത്തിന്റെയും സാംസ്കാരിക സമ്പന്നയുടെയും ഈറ്റില്ലമായിരുന്ന നമ്മുടെ കേരളവും.

അതിന്റെ പ്രതിഫലനമെന്നോണം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീര്‍ണ്ണിച്ചു കൊണ്ട് സ്വയം ഒരു സമസ്യയായി മാറുകയാണ് ഇന്നത്തെ യുവത്ത്വം.സാക്ഷരതയിലും പൊതുജനാരോഗ്യത്തിലും ഏറെ മുമ്പില്‍ നിന്ന ഈ 'ദൈവത്തിന്റെ സ്വന്തം നാട്'ഇന്നു പ്രതിശീര്‍ഷം മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്നത് ഇന്നിന്റെ ഒരു ദുഖസത്യമാണ്.ശരാശരി 12 വയസ്സില്‍ മലയാളി മദ്യപാനം തുടങ്ങുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.15 നും 49 നും മധ്യേ പ്രായമുള്ള പുരുഷന്മാരില്‍ 45% പേരും മദ്യപാനികളാണെന്നാണ് ദേശീയ കുടുംബാരോഗ്യസര്‍വ്വേ പറയുന്നത്.ഏതാണ്ട് 3000 കോടി രൂപക്ക്മാത്രം അരിവില്‍പ്പന നടക്കുന്ന കേരളത്തില്‍ 7000 കോടി രൂപക്കാണ് മദ്യവില്‍പ്പന നടക്കുന്നത് എന്നത് മലയാളിയുടെ മദ്യപാനാസക്തി വെളിവാക്കുന്നു.

സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളള്‍ക്കു പിന്നിലും മദ്യാസക്തിക്ക് അതിന്റേതായ പങ്കുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.റോഡപകടങ്ങളില്‍ ഭൂരിഭാഗവും സം‌ഭവിക്കുന്നത് മദ്യപിച്ചു വാഹനമോടിക്കുന്നതിനാലാണ് എന്ന് പോലീസ് തന്നെ സാഷ്യപ്പെടുത്തുന്നു.മദ്യം ചിന്താശേഷിയെ ചങ്ങലക്കിടുകയും അധ്വാന ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.നമ്മുടെ ക്യാമ്പസുകളിലും മദ്യാസക്തികൊണ്ടുള്ള ജീര്‍ണ്ണതകള്‍ വല്ലാതെ പ്രതിഫലിക്കുന്നു.സക്രിത്ത്വത്തെ പ്രോല്‍സാഹിപ്പിക്കും എന്ന തിരുമണ്ടന്‍ ധാരണക്ക് വിധേയരാവുന്നവര്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ തന്നെയുണ്ട്.'ഹീറോയിസ'ത്തിന്റെ ഭാഗമായും ഇന്നത്തെ ക്യാമ്പസ് മദ്യത്തെയും മറ്റു മയക്കുമരുന്നകളെയും കാണുന്നു.

ഇതിനെതിരെയൊക്കെ ജനങ്ങളെ ബോധവാന്മാരാക്കേണ്ട ദൃശ്യമാധ്യമങ്ങള്‍ പലതും മദ്യക്കമ്പനികളുടെ പ്രചാരകരായി മാറുന്നു.കോമഡി റിയാലിറ്റി ഷോകളും സിനിമകളും ഇത്തരം പ്രചാരത്തിന്റെ സന്ദേശവാഹക സ്ഥാനം ഏറ്റെടുക്കുന്നു.മദ്യരാജാവിനെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ടിച്ച ചില രാഷ്ട്രീയപ്പാര്‍ട്ടികളും ഈ പ്രചാരക വേല ഏറ്റെടുക്കുന്നു.മദ്യത്തെ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ സ്വന്തം കുലത്തൊഴില്‍ ഉപേക്ഷിക്കാന്‍ വരെ സമുദായത്തോട് ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ ഔദോഗിക മാഗസിനിലെ നടത്തപ്പെടാത്ത സര്‍വ്വേ റിപ്പോര്‍ട്ടില്‍ 'മദ്യപാനം പുരുഷത്തത്തിന്റെ പ്രതീകമാണ്' എന്ന് മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികലൂം അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന്.അത്രത്തോളമെത്തിയിരിക്കുന്നു ജീര്‍ണ്ണീക്കപ്പെടുന്ന പൊതുബോധം.

നവോദ്ധാന നായകരും പുരോഗമന-സാംസ്കാരിക പ്രസ്ഥാനങ്ങളും സമരം ചെയ്ത് നേടിയെടുത്ത സാമൂഹ്യനേട്ടങ്ങളെ ഒന്നടങ്കം ദ്രുതഗതിയില്‍ ഇല്ലാതാക്കുന്ന മദ്യാസക്തിയെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് എസ് എഫ് ഐ യും ഡി വൈ എഫ് ഐ യും ജനാധിപത്യ മഹിളാ അസോസിയേഷനും സംയുക്തമായി മദ്യാസക്തിക്കും സാമൂഹിക ജീര്‍ണ്ണതയ്ക്കുമെതിരെ ജാഗ്രതാ ക്യാമ്പയിനുമായി സമൂഹമധ്യത്തിലേക്ക് ഇറങ്ങുന്നത്.മദ്യ നിരോധനം അപ്രായോഗികമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുമ്പോള്‍ മദ്യവര്‍ജ്ജനം കാലത്തിന്റെ ബാധ്യതയായി സമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് എസ് എഫ് ഐ ആഹ്വാനം ചെയ്യുന്നു.